top of page

കാര്യം നിസ്സാരം, പ്രശ്നം ഗുരുതരം.



ഇന്ത്യയിലെ നിശബ്ദമായ ഒരു ഗ്രാമ പാതയിലൂടെ ഒരു രാഷ്ട്രീയക്കാരൻ വീട് വീടാന്തരം കയറി ഇറങ്ങി സാമൂഹിക അകലത്തെ കുറിച്ചു വാചാലൻ ആകുക ആണ്. അതും തന്റെ അനുയായികളും ഒത്തു കൂട്ടം കൂടി തിക്കി തിരക്കി കൊണ്ട്. തൻ്റെ ആരോഗ്യത്തിൽ അമിതമായ വിശ്വാസമുള്ളതു കൊണ്ടും തനിക്കു ഈ അസുഖങ്ങളൊന്നും വരികയില്ല എന്ന ഉറപ്പ് ഉള്ളത് കൊണ്ടും ആയിരിക്കാം ശരിയായ രീതിയിൽ മാസ്ക് പോലും ധരിക്കാതെ ഈ പ്രചാരണം ഒക്കെ നടത്തുന്നത്. എന്തുകൊണ്ടെന്നാൽ കൂട്ടത്തിൽ ബലവാനേ വിജയിക്കുകയുള്ളൂ എന്ന് നമുക്കറിയാമല്ലോ.


തന്റെ പ്രദേശത്തു ആരെങ്കിലും മരിക്കുക ആണെങ്കിൽ തീർച്ചയായും അദ്ദേഹം അവിടെ പെട്ടെന്ന് തന്നെ എത്തിച്ചേരും. തന്റെ വില പിടിച്ച അനുശോചനം രേഖപ്പെടുത്തുകെയും ചെയ്യും. അദ്ദേഹം അവിടെ പോകുന്നത് താൻ വളരെ നല്ല ഒരു മനുഷ്യനാണ് എന്നത് കൊണ്ട് മാത്രമാണ് അല്ലാതെ തിരഞ്ഞെടുപ്പ് അടുത്തെത്തി എന്നത് കൊണ്ടല്ല . അതിനിടയിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് തികച്ചും യാദൃച്ഛികം മാത്രമാണ് എന്നും നിങ്ങൾ മനസിലാക്കുക.


ഒരു ദിവസം അദ്ദേഹത്തിന്റെ വളരെ അടുത്ത അനുയായിക്കു പനി പിടിച്ചു കിടപ്പിലായി. പക്ഷെ തന്റെ അനുയായിയെ കോവിഡ് ടെസ്റ്റ് ചെയ്യാൻ നേതാവ് അനുവദിച്ചില്ല. എന്തുകൊണ്ട്? ഈ വൈറസ് അപകടം പിടിച്ചത് അല്ലാത്തത് കൊണ്ടും ഈ മഹാമാരി പതിനായിരങ്ങളെ കൊന്നൊടുക്കാത്തതു കൊണ്ടും തീർച്ചയായും അദ്ദേഹത്തിന് ഈ സമയത്തു ഇതൊന്നും അത്ര വലിയ കാര്യമല്ല. ഇതൊക്കെ വെറുമൊരു പനി മാത്രം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. അങ്ങനെ അദ്ദേഹത്തിന്റെ ഉപദേശപ്രകാരം കോവിഡ് കേസ് വന്നത് കൊണ്ട് മാത്രം അടച്ചു പൂട്ടേണ്ടി വന്ന ഒരു ബാങ്ക് സന്ദർശിച്ചു എന്ന് വരുത്തി തന്റെ അനുയായിയെ അദ്ദേഹം നിരീക്ഷണത്തിൽ ആക്കി.


തന്റെ ഈ പ്രിയപ്പെട്ട അനുയായി തന്നോട് അടുത്ത് ഇടപഴകി ഇല്ല എന്നാണ് അദ്ദേഹത്തിന്റെ ന്യായം. നിയമം അനുസരിച്ചു നിരീക്ഷണത്തിൽ പോകേണ്ട ആവശ്യം ഇല്ലാത്തതിനാൽ തുടർന്നും ആ രാഷ്ട്രീയക്കാരൻ തന്റെ പ്രചാരണങ്ങൾ തുടരുകയും ചെയ്തു. എന്തുകൊണ്ടെന്നാൽ നേരത്തെ പറഞ്ഞത് പോലെ കൂട്ടത്തിൽ ബലവാനേ വിജയിക്കുകയുള്ളൂ എന്ന് നമുക്കറിയാമല്ലോ.


നമ്മുടെ രാജ്യത്തെ ജിഡിപി കുറയുന്നത് പോലെ ഇന്ത്യയിലെ കോവിഡ് കേസുകൾ ഉടനെയൊന്നും കുറയാൻ സാധ്യത ഇല്ല. ഇപ്പോൾ ഈ സമയത്തു നമുക്ക് പ്രതീക്ഷിക്കാവുന്ന ഒരേ ഒരു കാര്യം എല്ലാവര്ക്കും സമയത്തു വാക്‌സിൻ കിട്ടി അത് ഫലപ്രാപ്തിയിൽ എത്തണം എന്നത് മാത്രമാണ്.

നമ്മുടെ രാജ്യത്തെ വോട്ട് ചെയ്യുന്നവരുടെ എണ്ണം ഒരിക്കലും കുറഞ്ഞിട്ടില്ല. പക്ഷെ ഈ മഹാമാരിയുടെ സമയത്തു ഇലക്ഷനുകൾ മാറ്റി വെക്കേണ്ട സാഹചര്യം വന്നു ചേർന്നു. പക്ഷെ ഒരു കാര്യം ഉറപ്പാണ് ഈ മഹാമാരിക്ക് ഒരിക്കലും നമ്മളെ വോട്ട് ചെയ്യുന്നതിൽ നിന്നും തടയാനായില്ല. അത് നമ്മുടെ അവകാശമാണ്!


ഇലക്ഷനുകൾ എല്ലാം നടന്നത് വളരെയധികം മുന്കരുതലോടെയാണ്. എന്നിരുന്നാലും വിദ്യാസമ്പന്നർ ആയ പോളിങ് ഉദ്യോഗസ്ഥന്മാർ തന്നെ വോട്ടിംഗ് മെഷീനുകൾക്കു വേണ്ടി തിരക്കു കൂട്ടുന്ന ദൃശ്യവും ചുരുക്കം ചിലയിടങ്ങളിൽ എങ്കിലും വോട്ടിങ്ങിന്റെ തലേ ദിവസം നമുക്ക് കാണേണ്ടി വന്നു. ചില സ്ഥലങ്ങളിൽ ആളുകൾ കൂട്ടമായി വോട്ട് ചെയ്യാനെത്തിയപ്പോൾ കോവിഡ് മാനദണ്ഡങ്ങൾ എല്ലാം കാറ്റിൽ പറന്നു.


മറ്റു ചില പ്രദേശത്തെ ആളുകൾക്ക് ആവശ്യത്തിന് മാസ്കും സാനിറ്റൈസറും കിട്ടിയിട്ടില്ലായിരുന്നു. പക്ഷെ തങ്ങളുടെ അണികളെ വിജയിപ്പിച്ചാൽ എല്ലാവർക്കും വാക്‌സിൻ സൗജന്യം എന്ന് നേതാക്കന്മാർ പറഞ്ഞു നടന്നു. എന്തൊക്കെയായാലും മാസങ്ങൾക്കു ശേഷം പുറത്തിറങ്ങിയതിന്റെ സന്തോഷത്തിൽ ആയിരുന്നു നമ്മുടെ മുതിർന്ന പൗരന്മാർ. വോട്ടിനു വേണ്ടി മാത്രം അവരുടെ വിലക്കുകൾ ഒഴിവാക്കപെട്ടു.


പക്ഷെ തീർച്ചയായും ഇലെക്ഷൻ മാത്രമായിരുന്നില്ല ഈ മഹാമാരിയുടെ സമയത്തെ പ്രശ്നം.

ആളുകളെല്ലാം അവരുടെ ജീവിതം ആഘോഷിക്കാൻ തുടങ്ങി എന്നതാണ് ഞാൻ ഇന്നലെ മാർക്കറ്റിൽ പോയപ്പോൾ കണ്ട കാഴ്ച. ആർക്കും ഉത്സവങ്ങൾ ഒന്നും ഒഴിവാക്കാൻ സാധിക്കുന്നില്ല . ഓരോ ഉത്സവങ്ങളും ആയിര കണക്കിന് കോവിഡ് രോഗികളെ ആണ് സമ്മാനിച്ചത് . “ഞാൻ എന്റെ സുഹൃത്തുക്കളെ കാണുമ്പോൾ ആലിംഗനം ചെയ്യുന്നതിന് എന്തിനാണ് സാമൂഹ്യ അകലം പാലിക്കേണ്ടത് ? മറ്റുള്ളവരുടെ ഗന്ധം തന്നത്താൻ അലിഞ്ഞു പോകുമെങ്കിൽ പിന്നെ ഞാനെന്തിനാണ് എന്റെ കൈകൾ കഴുകുന്നത് ? ഞാനും എന്റെ സുഹൃത്തും സംസാരിക്കുമ്പോൾ മാസ്ക് ധരിച്ചാൽ അത് ഞങ്ങൾക്കിടയിൽ ഒരു വിടവ് സൃഷ്ടിക്കുമെങ്കിൽ, പിന്നെ ഞാനെന്തിന് മാസ്ക് ധരിക്കണം ?”


തീർച്ചയായും നമ്മൾ ശ്രദ്ധിച്ചിട്ടുണ്ട്. എന്നിട്ടും ഈ മഹാമാരി പടർന്ന് പിടിച്ചിട്ടുണ്ടെങ്കിൽ അത് നമ്മൾ വിഡ്ഢികൾ ആയതു കൊണ്ട് തന്നെയാണ്.

എന്നാൽ എനിക്ക് തീർച്ചയുണ്ട് നമ്മുടെ രാജ്യത്തെ ജനങ്ങൾ എല്ലാവരും അത്രക്കു തലച്ചോറ് മരവിച്ചവർ അല്ല എന്ന് .


കുറച്ചു നാളുകൾക്കു മുമ്പ് എന്റെ ഒരു സുഹൃത്ത് ഒരു വിവാഹത്തിൽ സംബന്ധിച്ചു. അവരുടെ നാട്ടിൽ ഒരേ സമയം വിവാഹത്തിന് 100 പേരിൽ കൂടുതൽ പങ്കെടുക്കാൻ സാധ്യമല്ലായിരുന്നു. അങ്ങനെ നല്ല പൗരബോധമുള്ള നമ്മുടെ വീട്ടുകാർ സർക്കാരിന്റെ നിയമങ്ങൾ പാലിക്കാൻ തന്നെ തീരുമാനിച്ചു.


അവർ ഒരു സമയക്രമം തന്നെ ഉണ്ടാക്കി. 100 പേരെ ഉച്ചഭക്ഷണത്തിനു വിളിച്ചു, പിന്നെ ഓരോ രണ്ടു മണിക്കൂറുകളിലും ഓരോ നൂറു പേരെയും പ്രത്യേകം പ്രത്യേകം ക്ഷെണിച്ചു . അങ്ങനെ അവർ സർക്കാരിന്റെ നിയമങ്ങളെ പൂർണമായും പാലിച്ചു. സർക്കാർ എന്താണോ ഉദേശിച്ചത് അത് അവർക്ക് തീർച്ചയായും മനസിലായിട്ടുണ്ടായിരുന്നു.


അതുകൊണ്ട് തീർച്ചയായും നമ്മളാരും കാര്യപ്രാപ്തി ഇല്ലാത്തവരാണ് എന്ന് മാത്രം പറയരുത്. പിന്നെ ഉറപ്പായും നമ്മുടെ തെറ്റ് കൊണ്ടാണ് വൈറസ് പകരുന്നത് എന്ന് പറയുകയേ അരുത് .


ഇങ്ങനെയാണെങ്കിലും ചില രാജ്യങ്ങൾക്കു അവരുടെ രാജ്യത്തു വൈറസിനെ നിയന്ത്രിക്കാൻ സാധിച്ചു. എന്താണ് അവർക്കു വല്ല രഹസ്യ മരുന്നുകളും അണിയറയിൽ ഉണ്ടായിരുന്നോ അല്ലെങ്കിൽ എങ്ങനെ അവർക്കതിന് സാധിച്ചു?


നമ്മുടെ രാജ്യവും അവരുടേതിനേക്കാൾ ഒട്ടും മോശമല്ല. ബുദ്ധിയും കഴിവും ഉള്ളവർ നമുക്കിടയിലും ധാരാളം ഉണ്ട്. അത് കൊണ്ടാണല്ലോ ഈ മഹാമാരിയുടെ തുടക്കത്തിൽ തന്നെ ലോക്കഡൗൺ ഏർപ്പെടുത്തി അതിനെ പ്രതിരോധിക്കുവാൻ ശ്രമിച്ചത്. അതിനു ശേഷം ലോക്കഡൗൺ ഏറ്റവും അത്യാവശ്യമായ നേരത്തു ഒരു ജനതയെ മുഴുവനും കഷ്ടത്തിൽ ആക്കേണ്ട എന്ന് കരുതി ഇളവുകൾ നൽകി. ഇപ്പോൾ നമുക്കു വേണമെങ്കിൽ ഒരു മാളിൽ പോകാം, ജിമ്മിൽ പോകാം, മാർക്കറ്റിൽ പോകാം, മൂവി ഹാളിൽ പോകാം.അവിടുന്നു വൈറസ് കിട്ടാൻ സാധ്യത ഉണ്ടെങ്കിലും. പക്ഷെ വൈറസ് അത്ര വലിയ അപകടകാരിയൊന്നും അല്ല. നമുക്കു അതിലും പ്രധാനമാണ് മാളിൽ പോകുക, ജിമ്മിൽ പോകുക, മൂവി ഹാളിൽ പോകുക, മാർക്കറ്റിൽ പോകുക എന്നത്.


പക്ഷെ ഇതിനർത്ഥം നമ്മുടെ രാജ്യത്തുള്ളവരെല്ലാം കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത വിഡ്ഢികൾ ആണെന്നല്ല. നമ്മൾ മറ്റു രാജ്യക്കാരെ പോലെ തന്നെ കാര്യാ പ്രാപ്തി ഉള്ളവർ തന്നെ ആണ്.

പിന്നെ എവിടെ ആണ് തെറ്റ് പറ്റിയത് ?


ഒരു പക്ഷെ അത് പ്രകൃതിയുടെ കുഴപ്പം കൊണ്ട് ആയിരിക്കാം. ബുദ്ധിമാന്മാരായ നമ്മൾ മനുഷ്യർക്കു അങ്ങനെ തെറ്റുകൾ പറ്റുമോ ? നമ്മളെല്ലാം ദശാബ്ദങ്ങളായി നമ്മുടെ പ്രകൃതിയെ വളരെയധികം സംരക്ഷിക്കുകയാണല്ലോ. പ്ലാസ്റ്റിക് കൊണ്ട് നാം നമ്മുടെ പരിസരത്തെ എത്രമാത്രം സുന്ദരമാക്കുന്നുണ്ട്. എവിടെയെല്ലാം നോക്കിയാലും അവിടെയെല്ലാം പ്ലാസ്റ്റിക് മാത്രം. കാലാവസ്ഥക്കു വേണ്ടിയും നമ്മൾ വളരെയധികം നല്ല നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടല്ലോ. നോക്കൂ ആഗോളതാപനം കൊണ്ട് ഗ്ലേസിയർസ് ഉരുക്കി നമ്മൾ നമ്മുടെ സമുദ്ര ജല സമ്പത്തിനെ പുഷ്ടി പെടുത്തുന്നുണ്ടല്ലോ.


അങ്ങനെ പ്രകൃതിയെ നമ്മൾ വേണ്ടതിലധികം നല്ല രീതിയിൽ പരിപാലിച്ചു. ഇപ്പോൾ അത് ഇത് പോലെ ഒക്കെ നമുക്കു തിരിച്ചു തരാൻ തുടങ്ങിയിരിക്കുന്നു. ഒരു മഹാമാരിയിലൂടെ. പ്ലാസ്റ്റിക് പി പി ഇ കിറ്റുകളിലൂടെ വരെ.


ഉത്തരം പറഞ്ഞേ മതിയാകൂ നമ്മൾ.


ഇനിയെങ്കിലും യാഥാർഥ്യം തിരിച്ചറിഞ്ഞു നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.


വാൽ ക്കഷണം : നമ്മുടെ പ്രിയപ്പെട്ട ആരോഗ്യവാനായ നേതാവിന് കോവിഡ് ബാധിച്ചു ICU വിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ നാട്ടുകാരും അനുയായികളും നിരീക്ഷണത്തിലുമായി. അങ്ങനെ നാട് നിഛലമായി .


Image Courtesy:

- NPR


43 views

Recent Posts

See All
bottom of page